2022 മേയ് 15 ന് മാര്‍പ്പാപ്പ ദേവസഹായംപിളളയെ വിശുദ്ധനായി പ്രഖ്യാപിക്കും.

പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്‌തീയ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷിയായ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്.അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ നടന്ന അദ്ഭുത പ്രവൃത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്‌ടപ്പെടുമെന്നുറപ്പായ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് ദേവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയിൽ നടന്ന അദ്ഭുത പ്രവർത്തി.അദ്ദേഹം രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് ആയിരങ്ങളാണ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി എത്തുന്നത്. 2022 മേയ് 15 ന് മാര്‍പ്പാപ്പ ദേവസഹായംപിളളയെ വിശുദ്ധനായി പ്രഖ്യാപിക്കും. 

കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്ത് ക്രിസ്തു മതം സ്വീകരിച്ച് ദേവസഹായം പിള്ളയായി അറിയപ്പെട്ടത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ അദ്ദേഹം ഉന്നത പദവി വഹിച്ചിരുന്നു. കുളച്ചൽ യുദ്ധാനന്തരം തടവിലാക്കപ്പെട്ട ക്യാപ്റ്റൻ ഡിലനോയിക്കൊപ്പമാണ് ദേവസഹായം പിള്ള തക്കലയ്ക്കു സമീപം പുലിയൂർക്കുറിച്ചിയിലുള്ള ഉദയഗിരിക്കോട്ടയിൽ കഴിഞ്ഞത്.  ഇൗ അവസരത്തിലാണ് ഇദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് അറിയുന്നതും ആകൃഷ്ടനാകുന്നതും. പിന്നിട് വടക്കാൻകുളം പള്ളിയിലെ  ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചതായി കരുതപ്പെടുന്നു.നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാമയ്യന്‍ ദളവായുടെ അപ്രീതിക്ക് കാരണമായെന്നാണ് ചരിത്രം. പീഡനങ്ങള്‍ തുടര്‍ന്നപ്പോഴും ദേവസഹായംപിളള വിശ്വാസം മുറുകെപ്പിടിച്ചു. ഒടുവില്‍ വെടിവച്ചുകൊല്ലാന്‍ രാജകല്പന....

1752 ജനുവരി 14 ന്  നാൽപതാം വയസിലാണ് ദേവസഹായം പിളള മരണംവരിച്ചത്.കുറച്ചു ഉയര്‍ന്ന പരയുടെ മുകളില്‍ അദ്ദേഹത്തെ നിര്‍ത്തിയിട്ടു പട്ടാളക്കാര്‍ താഴെ നിന്നും വെടിവെച്ചു. അഞ്ചു ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചു അദ്ദേഹം താഴേക്ക്‌ വീണു മരിച്ചു. ആ സമയം തന്നെ മറ്റൊരു അത്ഭുതം കൂടി അവിടെ നടന്നു. അദ്ദേഹം താഴേക്ക്‌ വീണ സമയം തന്നെ തൊട്ടടുത്തുള്ള ഒരു മലമുകളില്‍ നിന്നും, ആരോ അടര്‍ത്തി വിട്ട പോലെ ഒരു നാലോ അഞ്ചോ അടി നീളത്തിലുള്ള ഒരു പാറ താഴേക്ക്‌ വീണു. അത് വീണ ശബ്ദം ആകട്ടെ ഒരു വലിയ ഓട്ടു മണി   (നമ്മുടെ പള്ളികളിലും മറ്റും ഉപയോഗിക്കുന്ന പോലെ) അടിക്കുന്നത് പോലെയും. ഇത് കേട്ട് പരിസരവാസികള്‍ ഓടിക്കൂടി. അപ്പോഴാണ് അവര്‍ അറിയുന്നത്, രഹസ്യമായി പട്ടാളക്കാര്‍ കൊണ്ടുവന്നു കൊന്നത് ദേവസഹായം പിള്ളയെ ആയിരുന്നു എന്നത്.  പിന്നെ ജനങ്ങളുടെ ഒരു പ്രവാഹം ആയിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആചാരങ്ങളോടെ കോട്ടാര്‍ രൂപതയിലെ സെന്‍റ് ഫ്രാന്‍സിസ് സവ്യര്‍ പള്ളിയില്‍ അടക്കം ചെയ്തു. സാധാരണ രീതിയില്‍ വൈദീകരുടെയും മെത്രാന്മാരുടെയും മൃതദേഹം മാത്രമാണ് പള്ളിക്കുള്ളില്‍ സംസ്കരിക്കാറുള്ളത്. പക്ഷെ അദ്ദേഹത്തിന്‍റെ വിശുദ്ധിയുള്ള ജീവിതം കാരണം ആണ് അങ്ങിനെ സംസ്കരിച്ചത്.മുകളില്‍ പറഞ്ഞ പാറ തന്നെ ഇവിടുത്തെ  ഒരു പ്രധാന ആകര്‍ഷണമാണ് .ഇതില്‍ ഒരു കല്ലെടുത്ത്‌ മുട്ടിയാല്‍ ശരിക്കും ഒരു പള്ളി മണിയില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം! 

ഇത് കഴിഞ്ഞാല്‍ പിന്നെ അവിടുത്തെ ആകര്‍ഷണം അദ്ദേഹത്തിന്‍റെ രക്തം തെറിച്ചു വീണ സ്ഥലത്തുള്ള ഒരു മരത്തിന്റെ ഒരു ശിഖിരവും - കാരണം  ആ ശിഖിരത്തില്‍ ഉള്ള ഇലകള്‍ എല്ലാം തന്നെ വെള്ള കലര്‍ന്ന പച്ചയാണ്‌. ബാക്കി ശിഖിരത്തില്‍ എല്ലാം തനി പച്ച കളര്‍ തന്നെ. ആ ശിഖിരത്തില്‍ പുതുതായി കിളിര്‍ക്കുന്ന ഇലകളും വെള്ള കലര്‍ന്നത് തന്നെ. അതാണ് ആ മരത്തിന്റെ പ്രത്യകത.

2012 ഡിസംബർ രണ്ടിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്

രക്തസാക്ഷിയായ കാററാടിമലയിലേയ്ക്കും ബന്ധപ്പെട്ട പ്രദേശങ്ങളിലേയ്ക്കും വിശ്വാസികള്‍ കൂട്ടത്തോടെ എത്തി. മാറാവ്യാധികള്‍ പോലും സുഖപ്പെട്ടതായി  സാക്ഷ്യപ്പെടുത്തി. ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കോട്ടാര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് കത്തീഡ്രലിലേയ്ക്കും തീര്‍ഥാടക പ്രവാഹമാണിന്ന്. ഭാരതത്തില്‍ നിന്നുളള ആദ്യ രക്തസാക്ഷിയായ വിശുദ്ധന്‍, ആദ്യ അല്മായ വിശുദ്ധന്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ദേവസഹായംപിളള വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.