എന്താണ് നൊവേന?

പതിവ് പ്രാർത്ഥന ശീലമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു നല്ല മാർഗമാണ് നൊവേന. പരമ്പരാഗതമായി, ഒരു നൊവേന തുടർച്ചയായി ഒമ്പത് ദിവസം ആവർത്തിക്കുന്ന ഒരു പ്രാർത്ഥന അല്ലെങ്കിൽ പ്രാർത്ഥനകളുടെ കൂട്ടമാണ്. എന്നിരുന്നാലും, ഇത് ഒരു ദിവസത്തെ തുടർച്ചയായ ഒമ്പത് മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കാം, അല്ലെങ്കിൽ ഒമ്പത് ആഴ്‌ചയ്‌ക്കുള്ളിൽ ഓരോ ആഴ്‌ചയും പ്രത്യേക ദിവസം ഉൾപ്പെടുത്താൻ വ്യാപിപ്പിക്കാം. പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുക എന്നതൊഴിച്ചാൽ നൊവേന ഉണ്ടാക്കുന്നതിന് നിശ്ചിത നിയമങ്ങളൊന്നും നിശ്ചയിക്കേണ്ടതില്ല. ഈ പ്രാർത്ഥനകളിലൂടെയും ഭക്തികളിലൂടെയും, നമ്മുടെ പരിശുദ്ധ മാതാവിനെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയും നമ്മുടെ ആവശ്യങ്ങളും ആശങ്കകളും അമ്മയുമായി പങ്കുവെക്കുകയും ചെയ്യുന്നു. നമ്മൾ മേരിയോട് നമ്മളുടെ പ്രാർത്ഥനകളിൽ പങ്കുചേരാൻ ആവശ്യപ്പെടുന്നു, അങ്ങനെ ചെയ്യുമ്പോൾ അമ്മയുമായുള്ള നമ്മുടെ സൗഹൃദം വളരുന്നു.

നൊവേന

1. പ്രാരംഭ ഗാനം (നിൽക്കുന്നു)

നിത്യസഹായമാതേ പ്രാർത്ഥിക്ക
ഞങ്ങൾക്കായ് നീ
നിൻമക്കൾ ഞങ്ങൾക്കായ് നീ
പ്രാർത്ഥിക്ക സ്നേഹ നാഥേ!

നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്‌വരയിൽ
നിന്നിതാ കേഴുന്നമ്മേ

കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളെ നീ

2. പ്രാരംഭ പ്രാർത്ഥന (മുട്ടുകുത്തുന്നു)

വൈദികൻ: ഏറ്റം പരിശുദ്ധയും അമലോത്ഭവ കന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.

ജനങ്ങൾ: ഞങ്ങൾ ഇന്ന് അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. അങ്ങു ഞങ്ങൾക്ക് വേണ്ടി സമ്പാദിച്ചിരിക്കുന്ന / എല്ലാ നന്മകൾക്കായും / ഞങ്ങൾ ദൈവത്തിനു കൃതജ്ഞതയർപ്പിക്കുന്നു. നിത്യസഹായ മാതാവേ / ഞങ്ങൾ അങ്ങേ സ്നേഹിക്കുന്നു. നിരന്തരം അങ്ങേ തിരുക്കുമാരന് ശുശ്രുഷ ചെയ്തുകൊണ്ടും / ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ പുത്രന്റെ സന്നിധിയിലേക്കാനയിച്ചു കൊണ്ടും അങ്ങയുടെ നേർക്കുള്ള സ്നേഹം ഞങ്ങൾ പ്രകടിപ്പിച്ചുകൊള്ളാമെന്നു പ്രീതിജ്ഞ ചെയ്യുന്നു.

വൈദികൻ: ദൈവസന്നിധിയിൽ ശക്തിയുള്ള നിത്യസഹായ മാതാവേ, ഈ നന്മകൾ ഞങ്ങൾക്കായി നീ വാങ്ങിത്തരേണമേ

ജനങ്ങൾ: പ്രലോഭനങ്ങളിൽ വിജയം വരിക്കാനുള്ള ശക്തിയും / ഈശോമിശിഹായോടുള്ള പരിപൂർണ്ണ സ്നേഹവും നന്മരണവും വഴി / അങ്ങയോടും അങ്ങേ തിരുകുമാരനോടും കൂടെ / നിത്യമായി ജീവിക്കുന്നതിനും ഞങ്ങൾക്കിടയാകട്ടെ.

വൈദികൻ: നിത്യസഹായ മാതാവേ!

ജനങ്ങൾ: ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

3. സമൂഹ പ്രാർത്ഥന

വൈദികൻ: മിശിഹാ കർത്താവെ, അങ്ങേ മാതാവായ മറിയത്തിൻറെ അപേക്ഷയാൽ കാനയിൽവച്ചു അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ. ഇപ്പോൾ നിത്യസഹായ മാതാവിനെ വണങ്ങന്നത്തിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവജനത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് സാധിച്ചുതരികയും ഞങ്ങളുടെ ആത്മാർത്ഥമായ കൃതജ്ഞത അങ്ങ് സ്വീകരിക്കുകയും ചെയ്യേണമേ.

ജനങ്ങൾ: ഓ, നിത്യസഹായ മാതാവേ / ഞങ്ങൾ ശക്തിയേറിയ അങ്ങേ തിരു നാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങു ജീവിക്കുന്നവരെ പരിപാലിക്കുന്നവളും മരിച്ചവരെ രക്ഷിക്കുന്നവളുമാകുന്നല്ലോ. അങ്ങയുടെ നാമം എപ്പോഴും / പ്രതേകിച്ചു പരീക്ഷകളിലും മരണ സമയത്തും / ഞങ്ങളുടെ അധരങ്ങളിൽ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങൾക്ക് ശക്തിയും ശരണവുമാകുന്നു. അനുഗ്രഹീതയായ നാഥേ, / ഞങ്ങൾ അങ്ങേ വിളിക്കുമ്പോഴെല്ലാം ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമം ഉച്ചരിച്ചതുകൊണ്ടു മാത്രം/ ഞങ്ങൾ തൃപ്തരാവുകയില്ല. അങ്ങു യഥാർത്ഥത്തിൽ ഞങ്ങളുടെ നിത്യസഹായ മാതാവാകുന്നുവെന്ന് അനുദിന ജീവിതത്തിൽ ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നതാണ്.

വൈദികൻ: സകലവിധ ആവശ്യങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ജനങ്ങൾ: ഓ, നിത്യസഹായ മാതാവേ / ഏറ്റം വലിയ ശരണത്തോടെ / ഞങ്ങളങ്ങേ വണങ്ങുന്നു. ഞങ്ങളുടെ അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ / അവിടുത്തെ സഹായം ഞങ്ങൾ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും / ഞങ്ങളെ ക്ലേശിതരാക്കുന്നു. പ്രതികൂല സാഹചര്യങ്ങളും / വേദനാജനകമായ പോരായ്മകളും / ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങൾ കുരിശിനെയാണ് അഭിമുഘീകരിക്കുന്നത്. കരുണാർദ്രയായ മാതാവേ, ഞങ്ങളിൽ കണിയണമേ. ഞങ്ങളുടെ സങ്കടങ്ങളിൽ നിന്നു ഞങ്ങളെ മോചിപ്പിക്കണമേ. തുടർന്ന് സഹിക്കുവാനാണ് ദൈവതിരുമനസെങ്കിൽ / അവ സന്തോഷത്തോടും ക്ഷമയോടുംകൂടി സ്വീകരിക്കാനുള്ള ശക്തി ഞങ്ങൾക്ക് നൽകണമേ. ഓ നിത്യസഹായ മാതാവേ / ഈ വരങ്ങളൊക്കെയും / ഞങ്ങളുടെ നന്മകളിൽ ആശ്രയിക്കാതെ / അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണംവച്ചു കൊണ്ട് ഞങ്ങൾ അപേക്ഷിക്കുന്നു.

4. അർത്ഥനകളുടെയും കൃതഞ്ജതർപ്പണങ്ങളുടെയും വായന (ഇരിക്കുന്നു)

5. അപേക്ഷകൾ(മുട്ടുകുത്തുന്നു)

വൈദികൻ: നമുക്ക് പ്രാർത്ഥിക്കാം ഞങ്ങളുടെ പരിശുദ്ധ പിതാവ് (പേര്) മാർപ്പാപ്പാക്കും ഞങ്ങളുടെ മെത്രാന്മാർക്കും, വൈദികർക്കും ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാർക്കും ജനങ്ങൾക്കും വിജ്ഞാനവും വിവേകവും നൽകണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മാറിയതോടപ്പം / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

വൈദികൻ: എല്ലാ മനുഷ്യരും സാമൂഹിക സമാധാനത്തിലും മതൈക്യത്തിലും സഹോദരരെപോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മാറിയതോടപ്പം / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

വൈദികൻ: ഈ നവനാളിൽ സംബന്ധിക്കുന്ന യുവതിയുവാക്കന്മാർക്ക് പരിശുദ്ധാരൂപിയുടെ സഹായത്താൽ തങ്ങളുടെ ജീവിതാന്തസ്സു തെരഞ്ഞെടുക്കാനുള്ള അനുഗ്രഹം നൽകണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മാറിയതോടപ്പം / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

വൈദികൻ: ഈ നവനാളിൽ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനൊത്തവണ്ണം തങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും രോഗികൾ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അനുഗ്രഹം നൽകണമേ

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മാറിയതോടപ്പം / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

വൈദികൻ: ഞങ്ങളുടെ ഇടവകയിൽനിന്നു വേർപിരിഞ്ഞുപോയ നവനാൾ ഭക്തർക്കും എല്ലാ മരിച്ച വിശ്വാസികൾക്കും നിത്യവിശ്രമം നൽകണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മാറിയതോടപ്പം / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

വൈദികൻ: ഈ നവനാളിന്റെയും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരുടെയും പ്രതേക നിയോഗങ്ങൾക്ക് മാർഗനിർദേശവും സഹായവും നൽകണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മാറിയതോടപ്പം / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.>

വൈദികൻ:മൗനമായി നമ്മുടെ വ്യക്തിപരമായ അർത്ഥനകൾ നിത്യസഹായ മാതാവിനോടൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം.

6. കൃതജ്ഞതാർപ്പണം

വൈദികൻ:പ്രസാദവരത്തിന്റെ നവജീവൻ ഞങ്ങൾക്ക് നൽകിയിരിക്കുന്നതിനാൽ കർത്താവെ, അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കേണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം / അങ്ങേക്കു ങ്ങൾ നന്ദി പറയുന്നു.

വൈദികൻ: സഭയുടെ കൗദാശിക ജീവിതത്തിൽ നിന്നു ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകൾക്കുംവേണ്ടി കർത്താവെ, അങ്ങ്\ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കേണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം / അങ്ങേക്കു ങ്ങൾ നന്ദി പറയുന്നു

വൈദികൻ: ഞങ്ങളുടെ നവനാൾ കുടുംബത്തിനു നൽകിയിരിക്കുന്ന ആദ്ധ്യാൽമികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങൾക്കും വേണ്ടി കർത്താവെ, അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കേണമേ

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം / അങ്ങേക്കു ങ്ങൾ നന്ദി പറയുന്നു

വൈദികൻ: സന്തോഷകരവും സമാധാനപൂർണ്ണവുമായ കുടുംബ ജീവിതം ഞങ്ങൾക്കു തന്നനുഗ്രഹിക്കുന്നതിനെയോർത്തു കർത്താവെ, അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കേണമേ.

ജനങ്ങൾ: കർത്താവെ ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം / അങ്ങേക്കു ങ്ങൾ നന്ദി പറയുന്നു

വൈദികൻ: നമുക്ക് ലഭിച്ച എല്ലാ ഉപകാരങ്ങൾക്കും വേണ്ടി നിത്യസഹായ മാതാവിനോടൊപ്പം ഈശോയ്ക്ക് കൃതജ്ഞതയർപ്പിക്കാം. (നിശബ്ദം)

7. ഗാനം (എഴുന്നേൽക്കുന്നു)

മറിയമേ, നിൻ്റെ ചിത്രത്തിൽ നിന്നാ
നേത്രങ്ങൾ കൊണ്ട് നോക്കുക
നിൻപാദേ ഇതാ നിൻമക്കൾ വന്നു
നിൽക്കുന്നു അമ്മേ, കാണുക
മാധുര്യമേറും നിൻനേത്രങ്ങൾ ഹാ!
ശോകപൂർണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങൾകൊണ്ടു
നോക്കുക മക്കൾ ഞങ്ങളെ
നിൻ കരതാരിൽ മേവും നിന്നുണ്ണി
യേശു – മഹേശനംബികേ
നിൻ മഹാ ദുഃഖസന്തോഷഹേതു
നിർമ്മലേ എന്നും നിർമ്മലേ
നിന്നുടെ ആനന്ദത്തിൻ പാരമ്യം
നീ മാത്രം അമ്മേ അറിയുന്നു
നിന്നുടെ സന്താപത്തിനാഴവും
നീ മാത്രം അമ്മേ അറിയുന്നു.

8. വി. ഗ്രന്ഥപാരായണം പ്രസംഗം (ഇരിക്കുന്നു)

9. രോഗികൾക്ക് ആശീർവാദം (മുട്ടുകുത്തുന്നു)

വൈദികൻ: നമുക്ക് പ്രാർത്ഥിക്കാം

ജനങ്ങൾ: കർത്താവെ, / ശാരീരികവും മാനസികവുമായ അസാസ്ഥ്യംമൂലം ക്ലേശിക്കുന്ന അങ്ങയുടെ ദാസരെ / തൃക്കൺ പാർക്കണമേ. അങ്ങു സൃഷ്ടിച്ച ഞങ്ങൾക്ക് / ശക്തിയും ജീവനും നൽകണമേ. അങ്ങേ സഹനം വഴി / ഞങ്ങൾ പവിത്രീകൃതരാവുകയും / ശുദ്ധരാക്കപ്പെടുകയും / അങ്ങയുടെ കാരുണ്യത്താൽ / ഞങ്ങൾ അതിവേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ അപേക്ഷകളെല്ലാം കർത്താവീശോമിശിഹാവഴി / ഞങ്ങൾക്കുതന്നരുളേണമേ. ആമ്മേൻ

വൈദികൻ:(ജനങ്ങളുടെ നേരെ കൈ ഉയർത്തി കൊണ്ട്) നിങ്ങളെ സംരക്ഷിക്കുവാൻ കർത്താവീശോമിശിഹാ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കുവാൻ അവിടുന്ന് നിങ്ങളിൽ വസിക്കട്ടെ. നിങ്ങളെ നയിക്കുവാൻ അവിടുന്ന് നിങ്ങളുടെ മുമ്പിലും, നിങ്ങളെ സൗഖ്യം നൽകി പരിരക്ഷിക്കുവാൻ നിങ്ങളുടെ പിമ്പിലും, നിങ്ങളെ അനുഗ്രഹിക്കുവാൻ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുധാൽമാവിന്റെയും നാമത്തിൽ

ജനങ്ങൾ:ആമ്മേൻ

10. മറിയത്തിൻ്റെ സ്തോത്രഗീതം (നിൽക്കുന്നു)

വൈദികൻ:മറിയതോടൊപ്പം നമുക്ക് ദൈവത്തെ സ്തുതിക്കാം.

ജനങ്ങൾ:എൻ്റെ ആത്മാവ് / കർത്താവിനെ മഹാതപെടുത്തുന്നു. എൻ്റെ ചിത്തം എൻ്റെ രക്ഷകനായ / ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്നു / തൻ്റെ ദാസിയുടെ / താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ / സകല തലമുറകളും / എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ / എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, / അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേൽ / തലമുറകൾതോറും / അവിടുന്നു കരുണാവർഷിക്കും. അവിടുന്നു തൻ്റെ ഭുജംകൊണ്ട് / ശക്തി പ്രകടിപ്പിച്ചു; / ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തരായവരെ / സിംഹാസനത്തിൽ നിന്ന് മറിച്ചിട്ടു; / എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ടു / സംതൃപ്തരാക്കി; / സമ്പന്നരെ / വെറും കൈയോടെ പറഞ്ഞയച്ചു. തൻ്റെ കാരുണ്യം / അനുസ്മരിച്ചുകൊണ്ട് / അവിടുന്ന് തൻ്റെ ദാസനായ / ഇസ്രയേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ / അബ്രാഹത്തോടും അവൻ്റെ സന്തതികളോടും / എന്നേക്കുമായി ചെയ്ത വാഗ്‌ദാനം അനുസരിച്ചുതന്നെ. (ലൂക്കാ 1:46 -55)

11. മരിയ സ്തുതി

വൈദികൻ: എല്ലാ തലമുറകളോടും ചേർന്നു കൊണ്ടു നമുക്ക് മറിയത്തെ പ്രകീർത്തിക്കുകയും അവിടുത്തെ ശക്തിയേറിയ സംരക്ഷണത്തിൽ നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യാം.

ജനങ്ങൾ: നന്മനിറഞ്ഞ മറിയമേ സ്വസ്‌തി, കർത്താവ് അങ്ങയോടുകൂടെ / സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവളാകുന്നു / അങ്ങയുടെ ഉദരത്തിൻ / ഫലമായ ഈശോ / അനുഗ്രഹിക്കപെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മെ, പാപികളായ ഞങ്ങൾക്കുവേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ.

വൈദികൻ: വൈദികൻ: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ

ജനങ്ങൾ: സർവേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വൈദികൻ: നമുക്ക് പ്രാർത്ഥിക്കാം. കർത്താവീശോമിശിഹായെ, അങ്ങയുടെ മാതാവായ മറിയത്തെ എപ്പോഴും സഹായമരുളുവാൻ സന്നദ്ധതയുള്ള അമ്മയായി അങ്ങു ഞങ്ങൾക്ക് നല്കിയല്ലോ. ആ അമ്മയുടെ അത്ഭുത ചിത്രം വണങ്ങുകയും അവളുടെ മാതൃസഹായം ഉത്സാഹപൂർവ്വം തേടുകയും ചെയ്യുന്ന ഞങ്ങൾ അങ്ങയുടെ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാൻ ഇടയാക്കണമെന്നു നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ജനങ്ങൾ: ആമ്മേൻ

12. ഗാനം

മറിയമേ നിൻ്റെ നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോർത്തു നീ, ഞങ്ങൾതൻ
പ്രാർത്ഥന ഒക്കെയും കേൾക്കണമേ!
ഭാഗ്യവിഹീനരെ നിത്യവും കാത്തിടാൻ
കെൽപ്പെഴും താങ്ങായ് നിന്നെ
നിൻപുത്രൻ ഏൽപ്പിച്ചു ഭാരമതേറ്റ നീ ഞങ്ങളെ കാത്തീടണേ.
നിത്യസഹായം നീ എന്നുള്ള ബോധമീ
ഞങ്ങളിലാഴമായി
വളരുവാൻ നല്ലൊരു വരമിന്നു
നൽകണേ
നിൻ മക്കൾ കേഴുന്നിതാ…